img
Karuthedathu Karuthedathu

The known history of the Karuthedathu family begins with our great grandfather Karuthedathu Kuruvilla who settled in Karimkunnam in the year AD 1700.

History

  • Home
  • History in Malayalam
About
About
Connected by Blood *** Guided by Love ***
img
imgകറുത്തേടത്ത്

കുടുംബ ചരിത്രം

കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം. ചരിത്രം കഴിഞ്ഞ കാലങ്ങളെ അനുസ്മരിക്കുന്നു. സര്‍വ്വശക്തനായ ദൈവം തൻ്റെ കരുത്തുറ്റ കരവലയത്തിനുള്ളില്‍ നമ്മളെ സംരക്ഷിച്ചു. സങ്കീര്‍ത്തനത്തില്‍ പറയുന്നതുപോലെ മനസ്സില്‍ ധര്‍മ്മചിന്ത ഉണ്ടായാല്‍ സ്വഭാവം മധുരിക്കും. കുടുംബത്തില്‍ സൗഹൃദം ഉണ്ടായാല്‍ രാജ്യം സമാധാനപൂര്‍ണ്ണമാകും. രാജ്യത്ത് സമാധാനമുണ്ടായാല്‍ വിശ്വം പൂര്‍ണ്ണശാന്തി നേടും. ബന്ധം എന്ന വാക്കിന്‍ മൂല്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ യുഗത്തില്‍ കുടുംബബന്ധങ്ങളുടെ വളര്‍ച്ചയും തളര്‍ച്ചയും എന്നത് വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. സമൂഹത്തിൻ്റെ അടിത്തറയാണ് കുടുംബം. കുടുംബങ്ങള്‍ ചേര്‍ന്നതാണ് സമൂഹം. അതിനാല്‍ കുടുംബങ്ങളുടെ വളര്‍ച്ചയും തളര്‍ച്ചയും സമൂഹത്തെ ബാധിക്കുന്നു. സ്നേഹത്തിൻ്റെ ഊര്‍ജ്ജം മാനവരാശിയെത്തന്നെ ഐക്യത്തിലേക്ക് നയിക്കുന്നു.

ഉദയംപേരൂര്‍ വിഴിയാര്‍വട്ടം (വില്ലാര്‍വട്ടം) ക്രൈസ്തവ രാജസ്വരൂപം നിലനിന്നിരുന്ന കാലത്ത് വടക്കുംകൂര്‍ സ്വരൂപവുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു. ഈ സൗഹൃദം ഉത്തരോത്തരം അഭിവൃദ്ധി പ്രാപിച്ചു. ഈ കാലഘട്ടത്തില്‍ പണികഴിപ്പിച്ചതാണ് ഉദയംപേരൂര്‍ ദേവാലയം. പുരാതനകാലത്ത് ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിൻ്റെ ശ്രദ്ധാകേന്ദ്രമായിരുന്നു പ്രസ്തുത ദേവാലയം. വില്ലാര്‍വട്ടം തോമാ രാജാവും മാത്തുള്ള തമ്പുരാനും കീനാന്‍ മാടമ്പിമാരും കുഴുമ്പില്‍, കുന്നശ്ശേരി, കാടാപുറം, പച്ചിക്കര, ഇല്ലിക്കല്‍, ചേരി, ചിറയ്ക്കല്‍ പ്രഭുകുടുംബങ്ങളും ഒത്തൊരുമിച്ച് പടുത്തുയര്‍ത്തിയ ആ ദേവാലയം ഇന്നും കേടുപാടുകള്‍ കൂടാതെ നിലകൊള്ളുന്നു. 1599-ല്‍ ഈ ദേവാലയത്തില്‍ വച്ചാണ് കേരള ക്രൈസ്തവ ചരിത്രത്തിലെ നാഴികക്കല്ലായ ഉദയംപേരൂര്‍ സുനഹദോസ് നടന്നത്.

എ.ഡി. 56-ന് ശേഷം പലപ്പോഴായുണ്ടായ ദേശീയ-വിദേശീയ ആക്രമണങ്ങള്‍ മൂലം പല കുടുംബക്കാര്‍ക്കും ഉദയംപേരൂര്‍ ഉപേക്ഷിച്ച് പല ദിക്കുകളിലേക്കും പാലായനം ചെയ്യേണ്ടിവന്നു.

കുഴുമ്പിൽ, ഇല്ലിക്കൽ, ചിറയ്ക്കൽ, ചേരിയിൽ, പച്ചിക്കര എന്നീ അഞ്ചു കുടുംബക്കാർ നെടിയശാലയിൽ വന്ന് താമസമായി. നിർഭാഗ്യവശാൽ കാട്ടാനയുടെ ശല്യം കൂടിയപ്പോൾ അവിടെ നിന്നും കിഴുമല രാജാ മണികണ്ഠവീരൻ്റെ ചുങ്കം പിരിക്കുന്ന സ്ഥലമായ, ചുങ്കത്ത് (തൊടുപുഴ) വന്നു താമസമാക്കി. (ഈ വിവരങ്ങൾ കുന്നശ്ശേരി കുടുംബ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.) ചുങ്കത്ത് മരതോലിൽ പുരയിടത്തിൽ നിർമ്മിച്ച പഴയ പള്ളിയുടെ നിർമ്മാണത്തിനും പള്ളിയുടെ പുരോഗതിക്കും കുഴുമ്പിൽ കുടുംബം നിർണ്ണായകമായ പങ്കുവഹിക്കുകയുണ്ടായി. ദേവാലയ നിർമ്മാണത്തിന് നേതൃത്വം നൽകിയത് കുഴുമ്പിൽ മുത്തിയാനെന്നും മുത്തിയുടെ ഭർത്താവ് കപ്പിത്താനായിരുന്നെന്നും അതിനുശേഷം കുഴുമ്പിൽ ഒരു വൈദികൻ ഉണ്ടായിരുന്നെന്നും അദ്ദേഹത്തിൻ്റെ കാലത്ത് പള്ളിക്ക് വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും മരണശേഷം ഇദ്ദേഹത്തിൻ്റെ കുഴിമാടത്തിൽ വിശ്വാസികൾ തിരികത്തിച്ചു മധ്യസ്ഥ പ്രാർത്ഥന നടത്തിയിരുന്നെന്നും ചുങ്കം പള്ളിയുടെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കുഴുമ്പിൽ അച്ചൻ്റെ കല്ലറ ഇന്നും ചുങ്കം പഴയ പള്ളിയിലുണ്ട്.

കുഴുമ്പിൽ അച്ചൻ്റെ സഹോദരനും ഭാര്യയും ചെറുപ്പത്തിലേ ഇഹലോകവാസം വെടിഞ്ഞതിനാൽ അവർക്കുണ്ടായ പുത്രൻ്റെയും പുത്രിയുടെയും സംരക്ഷണം പിതൃസഹോദരിയും ഭർത്താവായ ഇല്ലിക്കൽ ഔസേപ്പും കൂടിയായിരുന്നു. ഇല്ലിക്കൽ ഔസേഫ് കരിങ്കുന്നത്ത് അന്ന് താമസിച്ചിരുന്ന തട്ടാമറ്റത്തിൽ ചാക്കോ എന്നയാളും കൂടി കറുത്തേടത്ത് മനയുടെ അവകാശം കുഴുമ്പിൽ കുരുവിളയുടെ പേരിൽ വിലയ്ക്കുവാങ്ങി. അവിടെ കട്ടയിൽ നിർമ്മിച്ച ഭിത്തിയും കാട്ടു കഴുകോൽ ഉപയോഗിച്ച് മേൽക്കൂരയും ഉണ്ടാക്കി കുരുവിളയും സഹോദരിയും താമസം തുടങ്ങി. പിന്നീട് സഹോദരിയെ വിവാഹം കഴിപ്പിച്ച് തേക്കുംമൂട്ടിൽ പുരയിടത്തിൽ താമസിപ്പിച്ചു എന്നാണ് അറിവ്. കുഴുമ്പിൽ കുടുംബത്തിൻ്റെ മറ്റു രണ്ടു ശാഖകൾ ആലപ്പാട്ടും കണിയാപറമ്പിലും ആണ്; അവർ ചുങ്കം മ്രാല ഭാഗത്തായി താമസിക്കുന്നു. കരിങ്കുന്നത്തു നിന്നും പോയ ഒരു കറുത്തേടത്ത് നമ്പൂതിരിമന കോട്ടയം ജില്ലയിൽ ഏറ്റുമാനൂരിന് അടുത്തുള്ള കുറുമുള്ളൂർ പുഴക്കര എന്ന സ്ഥലത്ത് ഇപ്പോഴും ഉണ്ട്.